2025 ഡിസംബർ 31 ന് മുമ്പ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതല്‍ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
പഞ്ചായത്ത് ചരിത്രം


                                        കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്

                                                                         ചരിത്രവും സാംസ്കാരിക പൈതൃകവും

 

ഔദ്യോഗിക ചരിത്രരേഖ

ചരിത്രത്തിന്റെയും ഐതിഹ്യങ്ങളുടെയും
സാംസ്കാരിക പൈതൃകത്തിന്റെയും മണ്ണ്

നിബിഡ വനങ്ങളിൽ നിന്നും മനോഹര ഗ്രാമത്തിലേക്കുള്ള പ്രയാണം; കാട്ടകാമ്പാലിന്റെ ഐതിഹ്യങ്ങളും നാട്ടുചരിത്രങ്ങളും ഇവിടെ അറിയാം.

 
 

സ്ഥലനാമ ചരിത്രവും ഐതിഹ്യവും

പേരിനു പിന്നിലെ രഹസ്യം

"കാട്ടകത്ത് പാൽ ചുരത്തിയ സ്ഥലം"

എന്നതിൽ നിന്നാണ് 'കാട്ടകാമ്പാൽ' എന്ന നാമധേയം ഉണ്ടായത്.

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ചൊവ്വന്നൂർ ബ്ലോക്കിലാണ് കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പണ്ടുകാലത്ത് നിബിഡമായ കാടുകളും പാറക്കൂട്ടങ്ങളും നിറഞ്ഞതായിരുന്നു ഈ പ്രദേശം.

മേയാൻ വിട്ടിരുന്ന പശുക്കളിൽ ഒരെണ്ണം ദിവസവും കൂട്ടത്തിൽ നിന്ന് മാറി ഒരു പ്രത്യേക സ്ഥലത്തെ പാറക്കല്ലിനു മുകളിൽ ചെന്ന് തനിയെ പാൽ ചുരത്തുമായിരുന്നു. ആ പാറക്കല്ലിൽ ദിവ്യചൈതന്യ സാന്നിധ്യം ഉണ്ടെന്ന് മനസ്സിലാകുകയും അവിടെ ആരാധന ആരംഭിക്കുകയും ചെയ്തു. കാടിനുള്ളിൽ പാൽ ചുരത്തിയ ഈ പ്രദേശം പിൽക്കാലത്ത് കാട്ടകാമ്പാൽ ആയി അറിയപ്പെടാൻ തുടങ്ങി.

 

ഭൂപ്രകൃതിയും അതിരുകളും

സമുദ്രനിരപ്പിൽ നിന്നും ഉയർന്നുനിൽക്കുന്ന ചെങ്കൽ നിറഞ്ഞ പ്രദേശങ്ങളും കളിമണ്ണ് കലർന്ന പാടശേഖരങ്ങളും ഉൾപ്പെടുന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി. അറബിക്കടലോരത്തു നിന്നും ഏകദേശം 12 കിലോമീറ്റർ കിഴക്കുമാറിയാണ് ഇതിന്റെ സ്ഥാനം.

ഭൂമിശാസ്ത്രപരമായ അതിരുകൾ

വടക്ക്:നന്നംമുക്ക്, ആലംങ്കോട് (മലപ്പുറം)
കിഴക്ക്:കടവല്ലൂർ, പോർക്കുളം
തെക്ക്:ആർത്താറ്റ്, പോർക്കുളം
പടിഞ്ഞാറ്:പുന്നയൂർക്കുളം, വടക്കേകാട്
 

പ്രത്യേക സവിശേഷതകൾ

  • ജനപങ്കാളിത്തത്തോടുകൂടി നിർമ്മിച്ച ഒരു റോഡ് മുഖേന തലപ്പിള്ളി താലൂക്കിലെ ഈ പഞ്ചായത്തിനെ മലപ്പുറം ജില്ലയുമായി ബന്ധിപ്പിക്കുന്നു.
  • പഴഞ്ഞിയിലെ വൺവേ സമ്പ്രദായം ഇന്ത്യൻ ടൂറിസം വികസനഭൂപടത്തിലും, കേരളത്തിലെ പഞ്ചായത്തുതലത്തിൽ ആദ്യമായി സർക്കാർ വിജ്ഞാപനം വഴി ആലേഖനം ചെയ്യപ്പെട്ടതുമാണ്.

ജില്ലാ അതിർത്തികളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയാണ് കാട്ടകാമ്പാൽ.

സാമൂഹ്യചരിത്രം & മതമൈത്രി

അവഗണനകളെ അതിജീവിച്ച മതമൈത്രിയുടെ ചരിത്രം

പഴയ കൊച്ചിനാട്ടുരാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തിയിൽ സ്ഥിതി ചെയ്തിരുന്നതും മൂന്ന് ഭാഗവും ജലാശയങ്ങളാൽ ബന്ധിക്കപ്പെട്ട (പെനിസുല) ഒരു പ്രദേശമായിരുന്നു കാട്ടകാമ്പാൽ ഗ്രാമം. ഈ ഒരൊറ്റ കാരണത്താൽ അക്കാലത്ത് ഈ പ്രദേശം പൂർണ്ണമായും എല്ലാ മേഖലകളിലും അവഗണിക്കപ്പെട്ടുകിടന്നിരുന്നു.

നാടുവാഴി ദുഷ്പ്രഭുത്വത്തിനെതിരെയുള്ള രോഷപ്രകടനത്തിന്റെ പ്രതീകമായിരുന്നു സ്വാതന്ത്ര്യസമര കാലത്ത് രൂപംകൊണ്ട ഖിലാഫത്തു പ്രസ്ഥാനം. ഇതിനെ വർഗ്ഗീയവൽക്കരിക്കുന്നതിന് ശ്രമം നടന്നിരുന്ന കാലഘട്ടത്തിൽ പോലും മതമൈത്രിയുടെ ദീപം അണയാതെ കാത്തുസൂക്ഷിക്കുവാൻ ഇവിടുത്തെ ജനങ്ങൾക്ക് കഴിഞ്ഞിരുന്നു.

 

പഴഞ്ഞി വിപണിയും അടക്കാ വ്യാപാരവും

പഞ്ചായത്തിലെ പ്രധാന കച്ചവടസ്ഥാപനങ്ങൾ പഴഞ്ഞി മേഖലയെ കേന്ദ്രീകരിച്ചാണ്. പച്ച അടക്ക വള്ളങ്ങളിൽ കൊണ്ടുവന്ന് കളിയാക്കാക്കി അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി അയച്ചിരുന്നു. അടക്കാ ഉൽപ്പാദനത്തിൽ ഇന്ത്യയിൽ തന്നെ മുന്നിലാണ്.

 

പാരമ്പര്യ ചികിത്സയും ആരോഗ്യവും

ആയുർവേദം, സിദ്ധമർമ്മ, യുനാനി വിഭാഗങ്ങളിൽ പ്രഗത്ഭരായ വൈദ്യന്മാർ ഉണ്ടായിരുന്നു. 1930-ൽ കുഷ്ഠരോഗാശുപത്രി സ്ഥാപിതമായെങ്കിലും നശിച്ചു. തുടർന്ന് 1962-ൽ പഴഞ്ഞിയിൽ പ്രാഥമിക ആരോഗ്യകേന്ദ്രം പ്രവർത്തനമാരംഭിച്ചു.

 

ഗതാഗത ചരിത്രം

കനോലി കനാൽ വഴി ചാവക്കാടുമായും പെരുംതോട് വഴി പൊന്നാനിയുമായിരുന്നു പണ്ട് ജലഗതാഗതം. പിൽക്കാലത്ത് പാലങ്ങളും റോഡുകളും വന്നതോടെ 1988 ഒടുവിലോടെ ജലഗതാഗതം പൂർണ്ണമായി നിലയ്ക്കുകയും റോഡുകൾ പ്രധാന ഗതാഗതമാർഗ്ഗമാവുകയും ചെയ്തു.

 

ദേവാലയങ്ങളും സാംസ്കാരിക പൈതൃകവും

വിവിധ മതവിശ്വാസങ്ങളുടെ സംഗമവേദി

വളരെ പുരാതനമായ കാട്ടകാമ്പാൽ ശിവ-ഭഗവതി ക്ഷേത്രവും, ഈ മേഖലയിലെ ഏറ്റവും ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പുരാതനമായ ക്രൈസ്തവ ദേവാലയവും, കാലപ്പഴക്കം നിർണ്ണയിക്കാനാവാത്ത മുസ്ലീം ദേവാലയവും ഇവിടെ സ്ഥിതി ചെയ്യുന്നു.

പ്രസിദ്ധമായ കാട്ടകാമ്പാൽ പൂരം

കാളി-ധാരിക യുദ്ധത്തെ അടിസ്ഥാനമാക്കിയുള്ള കാട്ടകാമ്പാൽ പൂരം (കൂറ്റൻ തേരുകൾ, കുതിരവേല, പാണ്ടിമേളം എന്നിവ ഉൾക്കൊള്ളുന്നത്) ഈ പ്രദേശത്തിന്റെ സാംസ്കാരിക മുഖമുദ്രയാണ്.

 

വിദ്യാഭ്യാസ ചരിത്രം

അറിവിന്റെ വെളിച്ചം പരന്ന വഴി

ബ്രിട്ടീഷ് ഭരണകാലത്ത് ക്രൈസ്തവ മാനേജ്മെന്റുകളുടെ കീഴിൽ പള്ളിക്കൂടങ്ങൾ നിലവിൽ വന്നു. നൂറിലേറെ വർഷങ്ങൾക്ക് മുൻപ് പഴഞ്ഞിയിൽ ഗവൺമെന്റ് അടിസ്ഥാന വിദ്യാലയം സ്ഥാപിതമാവുകയും അത് പിന്നീട് ഹൈസ്കൂളായി മാറുകയും ചെയ്തു.

പിൽക്കാലത്ത് പെങ്ങാമുക്ക് ഹൈസ്കൂളും, 1970-കളിൽ ഓർത്തഡോക്സ് സഭയുടെ കീഴിൽ കോളേജും സ്ഥാപിതമായതോടെ ഈ പ്രദേശം ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമായി മാറി.

കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്

തദ്ദേശ സ്വയംഭരണ വകുപ്പ്, കേരള സർക്കാർ

© 2026 കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് | All Rights Reserved